5000 രൂപയ്ക്ക് പ്രതിദിനം 300 രൂപ പലിശ, ഭീഷണിയെ തുടർന്ന് പെയിന്റിങ് തൊഴിലാളി ആത്മഹത്യ ചെയ്‌തു

വെള്ളി, 19 നവം‌ബര്‍ 2021 (20:29 IST)
ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പെയിന്റിങ് തൊഴിലാളി ആത്മഹത്യ ചെയ്‌തു. ഗുരുവായൂർ കോട്ടപ്പടി സ്വദേശി രമേശാണ് ആത്മഹത്യ ചെയ്‌തത്. സംഭവത്തിൽ ബ്ലേഡ് മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി.
 
5000 രൂപയായിരുന്നു രമേശ് ബ്ലേഡ് മാഫിയയിൽ നിന്നും പലിശക്കെടുത്തത്. 300 രൂപ ദിവസം പലിശ നൽകണമെന്നായിരുന്നു വ്യവസ്ഥ. തവണകളായി ഇതുവരെ 10,300 രൂപ തിരികെ നൽകിയെങ്കിലും രമേശിനെ പലിശക്കാർ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നു.
 
രമേശിന്റെ ഭാര്യ‌യെ പലിശക്കാർ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് രമേശ് പണം കടമെടുത്തത്. ഇരട്ടിയിലധികം പണം തിരികെ നൽകിയിട്ടും പലിശ കിട്ടാതായപ്പോൾ രമേശന്റെ വാഹമടക്കം ബ്ലേഡ് മാഫിയ പിടിച്ചെടുത്തു. പോലീസിൽ പരാതിപ്പെട്ടതോടെയാണ് ഭീഷണികൾ ലഭിച്ച് തുടങ്ങിയത്. ഇതിനെ തുടർന്നാണ് ആത്മഹത്യ സംഭവിച്ചതെന്ന് കുടുംബം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍