ആളില്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 27 കാരനു 34 വര്‍ഷം തടവും 2.65 ലക്ഷം രൂപ പിഴയും. തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കുന്നത്ത് വീട്ടില്‍ അപ്പു എന്ന രോഹിത് വിശ്വത്തെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
2022-ല്‍ പട്ടണക്കാട് പൊലീസാണ് പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്. സമൂഹമാധ്യമമയ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചും മൊബൈല്‍ ഫോണ്‍ നല്‍കിയും തന്നിലേക്ക് അടുപ്പിക്കുകയായിരുന്നു. പിന്നീട് ആളില്ലാത്ത ദിവസം വീട്ടിലെത്തി പെണ്‍കുട്ടിയെ ബലമായി പീഡിപ്പിച്ചു എന്നാണ് പരാതി. മറ്റൊരു ദിവസവും സമാനമായ രീതിയില്‍ പീഡിപ്പിച്ചു.
പഠനത്തില്‍ പിന്നോക്കം പോയതോടെ പെണ്‍കുട്ടിക്ക് നല്‍കിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം അറിഞ്ഞതും കൗണ്‍സിലിംഗ് നടത്തിയ അധ്യാപിക വഴി പോലീസില്‍ പരാതി നല്‍കിയതും. വിവിധ വകുപ്പുകള്‍ പ്രകാരം വിവിധ കാലയളവിലായാണ് 34 വര്‍ഷത്തെ ശിക്ഷ എങ്കിലും ശിക്ഷാ കാലാവധി ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി.