ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ നല്‍കിയ മറുപടി വസ്തുനിഷ്ഠമല്ലെന്ന് യൂത്ത് ലീഗ്. മന്ത്രി പറയുന്നത് മുടന്തൻ ന്യായങ്ങളാണെന്നും, രാജിവെക്കുന്നതുവരെ യൂത്ത് ലീഗ് പ്രക്ഷോഭം നടത്തുമെന്നും ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വ്യക്തമാക്കി.
വായ്‌പകൾ തിരിച്ചടയ്‌ക്കാത്തിരുന്നതാണ് പ്രശ്‌നമെങ്കിൽ ഇത്രയും കാലം എന്തുകൊണ്ട് മിണ്ടാതിരുന്നു? ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ തിരിച്ച് പിടിക്കാന്‍ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നത് എന്ന മന്ത്രിയുടെ മറുപടി വസ്തുനിഷ്ഠമല്ല. നിയമനത്തിനായി അപേക്ഷ നല്‍കിയ ഏഴ് പേരുടെ യോഗ്യത എന്താണെന്ന് സര്‍ക്കാര്‍ പുറത്തുവിടണം. ജനറല്‍ മാനേജര്‍ പോസ്റ്റിന് യോഗ്യതയുള്ളവര്‍ ഈ അപേക്ഷകരില്‍ ഇല്ലായിരുന്നുവെന്ന വാദം തെറ്റാണന്നും പികെ ഫിറോസ് വ്യക്തമാക്കി.
ഈ പ്രശ്‌നം പറയുമ്പോള്‍ മാത്രമാണോ വായ്പകള്‍ തിരിച്ചടയ്ക്കാത്തവരുണ്ടെന്ന് അറിഞ്ഞത്. ഫിറോസ് ചോദിച്ചു. വായ്പകള്‍ എടുത്തിരിക്കുന്നവരില്‍ ഭൂരിപക്ഷവും മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വായ്പയെടുത്ത് തിരിച്ചടക്കുന്നില്ലെന്നുമായിരുന്നു ജലീല്‍ ആരോപിച്ചിരുന്നത്.
മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ നീക്കം നടത്തിയപ്പോഴാണ് വിവാദം തലപൊക്കിയത്. അഴിമതിയുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെ. ആരോപണം യൂത്ത് ലീഗ് നേതൃത്വത്തിന് കാര്യബോധം ഇല്ലാത്തതിനാലാണ്. തസ്തികയിലേക്ക് അപേക്ഷിച്ച ഏഴ് പേരും അയോഗ്യരായിരുന്നു. നിയമനത്തിനു മുന്‍പ് പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ചന്ദ്രിക ഉള്‍പ്പെടുള്ള പത്രങ്ങള്‍ ഇത് സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചിരുന്നു- കെ ടി ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിനെതിരെയാണ് ഇപ്പോൾ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്തുവന്നിരിക്കുന്നത്.