അഴിമതി ഒരു തരത്തിലും വെച്ചുപുറപ്പിയ്ക്കില്ലെന്ന് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. രാവിലെ ഒൻപതരയ്ക്ക് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭരണത്തിന്റെ വേഗതക്കുറവ് പരിഹരിക്കാന്‍ എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെ വിളിച്ചുകൂട്ടിയാണ് പിണറായി നിലപാട് വ്യക്തമാക്കിയത്.
കുറച്ച് കൂടി നേരത്തേ ഈ യോഗം നടത്തേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളോട് പരുഷമായി പെരുമാറരുത്. വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണം. പക്ഷേ, ഒരു വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റ് വകുപ്പുകളില്‍ ഇടപെടരുത്. കൃത്യനിഷ്ഠ പുലര്‍ത്തണം. സ്ഥലംമാറ്റത്തിന് മാര്‍ഗനിര്‍ദേശമുണ്ടാക്കും. പാരിതോഷികങ്ങൾ വാങ്ങരുത്, സൂക്ഷിക്കണം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയ പരിഗണന ഉണ്ടാകരുത്. രാഷ്ട്രീയ വിരോധവും വ്യക്തിവിരോധവും തീര്‍ക്കാന്‍ പലരും ശുപാര്‍ശയുമായി വരും. അത് തിരിച്ചറിയണം. കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ സൂക്ഷിക്കണം. പാരിതോഷികമായി കിട്ടുന്ന ഒന്നു പോലും വാങ്ങരുത്. ഒരു മൊബൈൽ ഫോൺ പോലും തന്നാൽ മേടിക്കരുത്. എല്ലാ കാര്യങ്ങളും സംശയത്തോടെ കാണണമെന്നും എന്നാൽ, സംശയം ഒരു രോഗമാക്കി മാറ്റരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.