അടിമുടി മാറ്റങ്ങളുമായി ഷവർലെ ട്രെയിൽബ്ലെയ്സറിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. അടുത്ത വർഷം ആദ്യത്തോടെ ഈ എസ്‌യുവി വിപണിയിലവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിപണിപിടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം ഇതിനകം തന്നെ നടത്തപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എൽഇഡി ഡിആർഎൽ, പുതുക്കിയ ഹെഡ്‌ലൈറ്റ്, വീതികൂടിയ ഗ്രില്ല്, പുതുക്കിയ ബബർ, പുതിയ ഫോഗ് ലാമ്പ് എന്നീ മാറ്റങ്ങളുമായാണ് പുത്തൻ ട്രെയിൽബ്ലേസര്‍ എത്തുന്നത്. പതിവിൽ നിന്നും 9എംഎം നീളവും ഈ എസ്‌യുവിയില്‍ ഉയർത്തിയിട്ടുണ്ട്. അതോടൊപ്പം ലോ പ്രൈഫൈൽ ടയറുകളോടുകൂടിയ അലോയ് വീലുകളും വാഹനത്തിന് കമ്പനി നൽകിയിട്ടുണ്ട്.
ആപ്പിൾ കാർ പ്ലെ, പുതിയ ഡാഷ് ബോർഡ്, മൈലിങ്ക് എന്റർടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ഇൻസ്ട്രുമെന്റ് കൺസോൾ എന്നീ സവിശേഷതകള്‍ വാഹനത്തിന്റെ അകത്തളത്തെ മനോഹരമാക്കുന്നു. ചില കോസ്മെറ്റിക് പരിവർത്തനങ്ങൾ നടത്തിയതൊഴിച്ചാല്‍ എൻജിനിൽ കാര്യമായ മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല.
2.8ലിറ്റർ ഡുറാമാക്സ് ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ഈ എസ്‌യുവിയ്ക്ക് കരുത്തേകുന്നത്. 97ബിഎച്ച്പിയും 500എൻഎം ടോർക്കുമാണ് ഈ എന്‍ജിന്‍ നല്‍കുക. 6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ഈ പുത്തൻ പതിപ്പ് ട്രെയിൽബ്ലെയിസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്ലൈന്റ് സ്പോട്ട് വാണിംഗ്, കോളീഷൻ വാണിംഗ്, ഫ്രണ്ട് പാർക്കിംഗ് അസിസ്റ്റ്, ക്രോസ് ട്രാഫിക് അലേർട്ട്, ടയർ പ്രെഷർ മോണിറ്ററിംഗ്, റിവേഴ്സ് ക്യാമറ എന്നീ സംവിധാനങ്ങളും ഇതിലുണ്ട്. പുത്തൻ ഷവർലെ ട്രെയിൽബ്ലേയ്സറിന് നിലവിലുള്ള മോഡലിന്റെ വിലയായ 23.95ലക്ഷം തന്നെയാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു