ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ചിന്‍റെ വിധി അതേപോലെ പ്രാബല്യത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തിനും അമ്പതിനും മധ്യേ പ്രായമുള്ളവർക്ക് ശബരിമലയിൽ പോകാമെന്നുള്ളതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനെക്കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും. നേരത്തെയുള്ള വിധി എന്താണോ അത് അതേപടി പ്രാബല്യത്തിൽ നിൽക്കുമെന്നാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
ജനുവരി 22നാണ് റിവ്യു കേൾക്കുന്നത്. അതിന്റെ നിയമവശങ്ങൾ എന്തൊക്കെയെന്ന് ബന്ധപ്പെട്ടവരോട് ചോദിക്കും. യുവതീ പ്രവേശനത്തിനില്ലെന്ന് സ്‌റ്റേ ഇല്ലെന്ന് പറഞ്ഞതിന് മറ്റെന്തെങ്കിലും അർത്ഥമുണ്ടോ എന്ന് നിയമവിദഗ്‌ദ്ധരുമായി ആലോചിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം.
സെപ്തംബർ 8ന്റെ വിധി നിലനിൽക്കുമെന്നാണ് റിപ്പോർട്ട്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അഞ്ചംഗ ബഞ്ചായിരുന്നു സ്ത്രീകൾക്ക് അനുകൂല വിധി പുറപ്പെടുവിച്ചത്.