തെരുവിലാകുന്നവരെ സംരക്ഷിക്കും, നഷ്ടം പ്രതീക്ഷിച്ചതിലും വലുത്; മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ തള്ളിയാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (16:11 IST)
പ്രളയത്തെ തുടർന്നുണ്ടായ മാലിന്യങ്ങൾ പുഴയിലേക്ക് തള്ളിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാംഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ഇനി വേണ്ടത് പുനരധിവാസമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
 
നഷ്ടം പ്രതീക്ഷിച്ചതിനേക്കാൾ വലുതാണ്. പ്രാഥമിക കണക്കിനേക്കാൾ ഭീമമാണ്. പുനരധിവാസത്തെക്കുറിച്ച് കളക്ടര്‍മാരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. കുടുബങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് ആവശ്യമായ നടപടികളും ജില്ലാ കളക്ടറുമായി നടത്തിവരികയാണ്.
 
വാഹനങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ ഇൻഷുറൻസ് കമ്പനികളുമായി വീണ്ടും ചർച്ച നടത്തും. ദുരിതബാധിതർക്ക് നൽകുമെന്ന് അറിയിച്ച 10,000 രൂപ സാമ്പത്തികസഹായം ബാങ്കുകൾ തുറന്നാലുടൻ നൽകി തുടങ്ങും.
 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കല്‍ സജീവമായി നടക്കുന്നുണ്ട്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം വീടുകള്‍ വൃത്തിയാക്കിക്കഴിഞ്ഞു. വെള്ളം കെട്ടിക്കിടക്കുന്നയിടങ്ങളിൽ നിന്ന് അത് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 
 
29ന് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്. വെള്ളം കയറിയ സ്‌കൂളുകള്‍ രണ്ട് ദിവസത്തിനകം പൂര്‍ണമായും വൃത്തിയാക്കണം.
 
ഇതിനകം 3,64,000 പക്ഷികളുടേയും 3285 വലിയ മൃഗങ്ങളുടേയും 14,274 ചെറിയ മൃഗങ്ങളുടേയും ശവങ്ങള്‍ മറവുചെയ്തു. ഇനിയും ശവങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തിരമായി മറവുചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പരിസരം വൃത്തിയാക്കുന്നതില്‍ ഹരിത കേരള മിഷനും പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ളം എല്ലായിടത്തും ലഭ്യമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും  വീടുകളില്‍ പാത്രങ്ങളില്‍ വെള്ളം വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

Next Article