സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്: പിണറായി വിജയന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (18:14 IST)
yechury
സിപിഐഎം ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരാവാസ്ഥയുടെ ഭീകരതയെ നിര്‍ഭയം നേരിട്ട വിപ്‌ളവകാരിയായ വിദ്യാര്‍ത്ഥിയില്‍ നിന്നും രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായി വളര്‍ന്ന സഖാവ് യെച്ചൂരിയുടെ ജീവിതം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നാണ്. ധൈഷണികതയും നേതൃപാടവവും ഒരുപോലെ കൈമുതലായിരുന്ന സഖാവ് സംഘാടകന്‍, സാമാജികന്‍, രാഷ്ട്രതന്ത്രജ്ഞന്‍ തുടങ്ങി തന്നില്‍ നിക്ഷിപ്തമായ ബഹുമുഖമായ ഉത്തരവാദിത്തങ്ങളെല്ലാം മികച്ച രീതിയില്‍ നിര്‍വഹിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 
 
കര്‍ഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം സംഘപരിവാര്‍ വര്‍ഗീയതയ്‌ക്കെതിരെ ഉയര്‍ന്ന ബഹുജനമുന്നേറ്റങ്ങളുടെ നേതൃനിരയില്‍ നിലയുറപ്പിച്ചു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തിരിച്ചടികള്‍ നേരിട്ട ഘട്ടങ്ങളിലെല്ലാം അടിപതറാതെ മറ്റു സഖാക്കള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. പല ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായകമായ പങ്കു വഹിക്കുകയുണ്ടായി. സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. വ്യക്തിപരമായും വളരെ ദു:ഖകരമായ ഒരു സന്ദര്‍ഭമാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന അസംഖ്യം ഹൃദയങ്ങളുടെയും വേദനയില്‍ പങ്കു ചേരുന്നു. സഖാവിന്റെ ഉജ്ജ്വല സ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ലാല്‍ സലാം!

അനുബന്ധ വാര്‍ത്തകള്‍

Next Article