തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളം ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് (കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍) ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന് എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിക്കും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് വ്യവസായ മന്ത്രി പി. രാജീവ് പുറത്തിറക്കും. ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ വിനോദ് കെ ജെ മാക്സി, ആസൂത്രണസമിതിയംഗം പ്രൊഫ. ജിജു പി. അലക്സ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, കൊച്ചി നഗരസഭ മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, ഐ.കെ.എം കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്ട്രേഷന്‍ ടിമ്പിള്‍ മാഗി പി.എസ് തുടങ്ങിയവര്‍ പങ്കെടുക്കും.
കെ-സ്മാര്‍ട്ട് നിലവില്‍ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.