Yearend Round up 2023: കേരളത്തെ കുറിച്ച് ദേശീയ തലത്തില്‍ പ്രചരിച്ച അഞ്ച് വ്യാജ വാര്‍ത്തകള്‍, മിക്കതിനു പിന്നിലും സംഘപരിവാര്‍ ഹാന്‍ഡിലുകള്‍
വെള്ളി, 29 ഡിസംബര്‍ 2023 (11:25 IST)
Yearend Round up 2023: വളരെ ചെറുതെങ്കിലും ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. പ്രളയങ്ങള്‍ക്കും കോവിഡിനും ശേഷം സംസ്ഥാനം ഒറ്റക്കെട്ടായി പ്രയത്‌നിച്ചു പുരോഗതിയുടെ ഓരോ പടവുകളും കയറുകയാണ്. ഇതിനിടയിലും കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. അതിനുവേണ്ടി വ്യാജ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നു. അത്തരത്തില്‍ കേരളത്തെ കുറിച്ച് ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായ അഞ്ച് വ്യാജ പ്രചരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ശബരിമലയില്‍ ഭക്തനെ മര്‍ദ്ദിച്ച് കേരള പൊലീസ് !
ശബരിമലയില്‍ പൊലീസിന്റെ അടിയേറ്റ് അയ്യപ്പഭക്തന്റെ തലപൊട്ടി എന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അവശനിലയില്‍ ചോരയൊലിക്കുന്ന കറുത്ത വസ്ത്രങ്ങള്‍ ധരിച്ച ഒരു വ്യക്തിയെ വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് കേരളത്തില്‍ അല്ല !
ശബരിമല ക്ഷേത്രദര്‍ശനത്തിനു ശേഷം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ശ്രീ രംഗനാഥ സ്വാമി ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ ആന്ധ്രയില്‍ നിന്നുള്ള സംഘവും ക്ഷേത്രത്തിലെ സുരക്ഷാ വിഭാഗത്തിലെ ഗാര്‍ഡുമായി ഉണ്ടായ കയ്യാങ്കളിയിലാണ് അയ്യപ്പ ഭക്തന് പരുക്കേറ്റത്. കേരള പൊലീസുമായി ഈ സംഭവത്തിനു യാതൊരു ബന്ധവുമില്ല. മൂന്ന് ഭക്തര്‍ക്കും രണ്ട് ഗാര്‍ഡുകള്‍ക്കും സംഭവത്തില്‍ പരുക്കേറ്റരുന്നു. മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിനു അസൗകര്യമുണ്ടാക്കുന്ന തരത്തില്‍ ആന്ധ്രയില്‍ നിന്നെത്തിയ സംഘം പെരുമാറിയതാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനെയാണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ 'അയ്യപ്പഭക്തരോട് പിണറായി പൊലീസിന്റെ ക്രൂരത' എന്ന് തരത്തില്‍ പ്രചരിപ്പിച്ചത്. കേരള പൊലീസ് തന്നെ അവസാനം വിശദീകരണവുമായി രംഗത്തെത്തി.
കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ ദുഷ്‌കരം ! ആ ചിത്രം വൈറലായി
ശബരിമലയില്‍ വെച്ച് പിതാവിനെ നഷ്ടമായ കുട്ടി കരയുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് തീവ്ര ഹിന്ദുത്വ അനുയായികള്‍ മറ്റൊരു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. 'കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ ഇതാണ്. ഒരു കുട്ടിയോട് പോലും അവര്‍ കരുണ കാണിക്കുന്നില്ല' എന്ന ക്യാപ്ഷനോടെയാണ് ദേശീയ തലത്തില്‍ ഈ ചിത്രം വൈറലായത്. കേരളത്തിലെ ബിജെപി അനുകൂല പേജുകളിലും ഈ ചിത്രം ദുഷ്ടലാക്കോടെ പ്രചരിപ്പിച്ചു. 'കന്നിമല ചവിട്ടാന്‍ വന്ന കുഞ്ഞ് അയ്യപ്പന് നേരിടേണ്ടി വന്ന ദുരിതം' എന്നാണ് ബിജെപി അനുകൂല പേജുകളില്‍ ഈ ചിത്രത്തിനു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നായിരുന്നു..!
അച്ഛനെ കാണാതായതിനെ തുടര്‍ന്ന് കരഞ്ഞ കുട്ടിയെ ആശ്വസിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് യഥാര്‍ഥത്തില്‍ വീഡിയോയില്‍ കണ്ടത്. ബസ് എടുക്കാന്‍ തുടങ്ങിയപ്പോള്‍ തന്റെ അച്ഛനെ കാണാതെ കുട്ടി കരഞ്ഞു. ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അച്ഛന്‍ തിരിച്ചെത്തി ബസില്‍ കയറി. തുടര്‍ന്ന് പൊലീസിനോട് നന്ദി പറയുകയാണ് കുട്ടി. ഈ സമയത്ത് പൊലീസ് കുട്ടിയെ കരയരുതെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ പൊലീസിനോട് യാത്ര പറഞ്ഞാണ് കുട്ടി പോയത്. ഇതിനെയാണ് സംഘപരിവാര്‍ പേജുകളും തീവ്ര ഹിന്ദുത്വ അക്കൗണ്ടുകളും മറ്റൊരു രീതിയില്‍ പ്രചരിപ്പിച്ചത്.
ഒക്ടോബര്‍ 29 നാണ് നാടിനെ നടുക്കിയ കളമശ്ശേരി സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികള്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സമ്മേളനം നടക്കുന്നതിനിടെ രാവിലെ 9.30 ന് ഒരു പൊട്ടിത്തെറിയുണ്ടായി. ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചു. പരുക്കേറ്റവരില്‍ ഇപ്പോഴും ചിലര്‍ ചികിത്സയില്‍ കഴിയുന്നു. ഈ സ്‌ഫോടനത്തെ മുസ്ലിങ്ങള്‍ക്കെതിരായ പ്രചരണ ആയുധമാക്കി സംഘപരിവാര്‍ ഹാന്‍ഡിലുകള്‍. മുസ്ലിം തീവ്രവാദം കേരളത്തില്‍ പിടിമുറുക്കിയിരിക്കുകയാണെന്നും അത്തരം ഗ്രൂപ്പുകളാണ് സ്‌ഫോടനത്തിനു പിന്നിലെന്നും ബിജെപി നേതാക്കള്‍ അടക്കം പ്രചരിപ്പിച്ചു. ദേശീയ തലത്തിലും ഇത് വാര്‍ത്തയായി.
ജൂതന്‍മാരുടെ പ്രാര്‍ത്ഥന കൂട്ടായ്മയ്ക്കിടെ മുസ്ലീം തീവ്രവാദികള്‍ സ്‌ഫോടനം നടത്തി എന്നാണ് പലയിടത്തും വ്യാജ പ്രചരണം നടന്നത്. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെടുത്തി പോലും കേരളത്തിനെതിരെ കുബുദ്ധികള്‍ വര്‍ഗീയ വിദ്വേഷം പരത്തി. എന്നാല്‍ യഹോവ സാക്ഷികള്‍ക്ക് ജൂതന്‍മാരുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല സ്‌ഫോടന കേസിലെ പ്രതിയായ ഡൊമിനിക്ക് മാര്‍ട്ടിന്‍ യഹോവ സാക്ഷികള്‍ എന്ന കൂട്ടായ്മയിലെ തന്നെ അംഗമായിരുന്നു. യഹോവ സാക്ഷികള്‍ കൂട്ടായ്മയുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് ഇങ്ങനെയൊരു നീച പ്രവൃത്തി ചെയ്യാന്‍ ഡൊമിനിക്ക് മാര്‍ട്ടിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെയാണ് മുസ്ലിം തീവ്രവാദ പ്രവര്‍ത്തനം എന്ന രീതിയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്.
പിഎഫ്‌ഐ ചാപ്പയും വ്യാജ പ്രചരണവും !
കൊല്ലം ജില്ലയില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ആറ് പേരടങ്ങുന്ന സംഘം തന്നെ ആക്രമിച്ചെന്നും ഷര്‍ട്ട് വലിച്ചുകീറി തന്റെ ദേഹത്ത് 'പിഎഫ്‌ഐ' (പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ) എന്ന് എഴുതിയെന്നുമായിരുന്നു ഇയാളുടെ പരാതി. പോപ്പുലര്‍ ഫ്രന്റ് ഒരു മുസ്ലിം സംഘടനയായതിനാല്‍ തന്നെ ഈ വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായി. കേരളത്തില്‍ മുസ്ലിം തീവ്രവാദം ശക്തിപ്പെടുകയാണെന്ന് ഈ വാര്‍ത്ത പങ്കുവെച്ച് ദേശീയ തലത്തില്‍ പോലും പ്രചരണമുണ്ടായി.
എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇത് വ്യാജമെന്ന് തെളിഞ്ഞു. ആര്‍മി ഉദ്യോഗസ്ഥനായ ഷൈന്‍ കുമാര്‍ അദ്ദേഹത്തിന്റെ സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രദ്ധിക്കപ്പെടാനും സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാനും വേണ്ടി ഇരുവരും ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു ഇത്. പതിവ് പോലെ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ഈ വാര്‍ത്തയെ കേരളത്തിനെതിരായ ആയുധമായി ഉപയോഗിച്ചു.
അരിക്കൊമ്പനും ആരാധകരും !
ചിന്നക്കനാലിലെ മനുഷ്യരെ ഭീതിയിലാഴ്ത്തിയ കാട്ടാന അരിക്കൊമ്പനുമായി ബന്ധപ്പെട്ടും കേരളത്തിനെതിരെ വ്യാജ വാര്‍ത്ത പ്രചരിച്ചു. മയക്കുവെടി വെച്ച് ആനയെ പിടികൂടി ജനവാസ മേഖലയില്‍ നിന്ന് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം നടത്തിയത്. ഇതിനെ വന്യ മൃഗത്തോടുള്ള കേരള സര്‍ക്കാരിന്റെ ക്രൂരത എന്ന നിലയിലാണ് കേരളത്തിനു പുറത്ത് ചിലര്‍ പ്രചരിപ്പിച്ചത്. മനുഷ്യജീവന് പോലും ഭീഷണിയായ ആനയെ തമിഴ്‌നാട്ടിലെ ഉള്‍വനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് അന്ന് സര്‍ക്കാര്‍ നടത്തിയത്.