ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്

അഭിറാം മനോഹർ

ബുധന്‍, 2 ഏപ്രില്‍ 2025 (15:21 IST)
തിരുവനന്തപുരം: അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃത മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയോട് അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ ജിമ്മുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള അനധികൃത മരുന്നുകള്‍ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീണാ ജോര്‍ജിന്റെ നടപടി.
 
സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് 'ഓപ്പറേഷന്‍ ശരീര സൗന്ദര്യം' എന്ന പ്രത്യേക പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 50 ജിമ്മുകളില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ ഒന്നര ലക്ഷം രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഓണ്‍ലൈനായി വാങ്ങിയവയാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
 
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ഡോക്ടര്‍ പ്രസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഉപയോഗിക്കാന്‍ പാടില്ലാത്തവയനാണ്. അംഗീകൃത ഫാര്‍മസികള്‍ വഴി മാത്രമെ ഇവ വില്‍ക്കാനും അനുമതിയുള്ളത്. എന്നാല്‍ ഇവ വലിയ തോതില്‍ നിലവില്‍ ഓണ്‍ലൈനായി ലഭ്യമാണ്. ജിമ്മുകളില്‍ ഇത്തരത്തിലുള്ള അനധികൃത അനബോളിക് സ്റ്റെറോയ്ഡ് ഉപയോഗമുണ്ടോ എന്നറിയാനാല്‍ കര്‍ശനമായ പരിശോധനകള്‍ തുടരും. യുവജനങ്ങളില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നല്‍കാനായി അവബോധ ക്ലാസുകള്‍ നടത്താനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍