പെരിയ ഇരട്ടക്കൊല; പീതാംബരനെ ചോദ്യം ചെയ്യും മുൻപേ അന്വേഷണ ഉദ്യോഗസ്ഥനെ നീക്കി

Webdunia
ശനി, 2 മാര്‍ച്ച് 2019 (10:10 IST)
പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീഖിനെയാണ് അന്വേഷണം ആരംഭിച്ച് നാലാം ദിവസം തന്നെ നീക്കം ചെയ്തത്. കോട്ടയം ക്രൈംബ്രാഞ്ചിലെ കെ എം സാബു മാത്യുവിനാണ് പകരം അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. 
 
കേസിൽ ഇടപെടുന്നുവെന്ന സംശയത്തെ തുടർന്ന് കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി രഞ്ജിത്തിനെ കോഴിക്കോട് ഡിസിആർബിയിലേക്ക് രണ്ട് ദിവസം മുൻപ് മാറ്റിയിരുന്നു. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യുന്നതിനു മുൻപാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് വിഎം മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുളള ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിൽ കൂടുതൽ പ്രതികളും ഗൂഡാലോചനയുമുണ്ടെന്ന് പരാമർശിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
 
കൊല്ലപ്പെട്ടവരുടെ കുടുംബം നൽകിയ മൊഴിയിൽ കൂടുതൽ സിപിഐഎം നേതാക്കളുടെ പേരുണ്ടെന്നും സൂചനയുണ്ട്. ഏഴു പ്രതികളെ കൂടാതെ 12 പേർക്കെതിരെ കൂടി കുടുംബം മൊഴി നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ ആദ്യദിനം തന്നെ കൂടുതൽ സിപിഐഎം പ്രവർത്തകർക്കെതിരെ മൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച്, കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അചഛന്മാർ, കൊലയിൽ പങ്കുണ്ടെന്ന് ശക്തമായി ആരോപിച്ച കല്യോട്ടെ ശാസ്താ ഗംഗാധരൻ, വ്യാപാരപ്രമുഖൻ വത്സരാജ് എന്നിവരെ ചോദ്യംചെയ്യാനും ശ്രമിച്ചിരുന്നു.
 
മുഖ്യപ്രതികളായ പീതാംബരൻ, സജി എന്നിവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെ ചോദ്യംചെയ്യൽ കേസിൽ നിർണ്ണായകമാണ്. പീതംബരൻ പൊലീസിൽ കുറ്റം സമ്മതിക്കുകയും പിന്നീട് കോടതിയിൽ മൊഴി മാറ്റുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനു തൊട്ടുമുൻപാണ് ഉദോഗസ്ഥനെ മാറ്റിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article