മാണിയെ രക്ഷിക്കാന്‍ ഭരണകൂട ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് പി സി ജോര്‍ജ്

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2015 (13:57 IST)
ബാര്‍കോഴ കേസില്‍ ഉള്‍പ്പെട്ട ധനമന്ത്രി കെ എം മാണിയെ രക്ഷിക്കാന്‍ ഭരണകൂട ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പും എം എല്‍ എയുമായ പി സി ജോര്‍ജ്. ബാര്‍കോഴ കേസില്‍ കോടതി തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.
 
മാണി - ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ടാണ് ഈ രാജ്യം നശിപ്പിച്ചത്. രാമചന്ദ്രന്‍ നായര്‍, വിശ്വനാഥന്‍ നായര്‍ എന്നിവര്‍ എങ്ങനെയാണ് രാജി വെച്ചതെന്നും ഉമ്മന്‍ ചാണ്ടിയുടെ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്നവര്‍ക്ക് അനുകൂല നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാണിയെ പ്രോസിക്യൂട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിയാണെന്ന് ഇന്നത്തെ കോടതി ഉത്തരവിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
മാണിയെ രക്ഷിക്കാന്‍ ഭരണകൂട ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് താന്‍ സുകേശന് കൊടുത്ത സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാണിക്ക് 15, 000 കോടി രൂപയുടെ സ്വത്താണ് ഇപ്പോള്‍ ഉള്ളത്. മാണിയുടെ ഈ കൊള്ളയൊന്നും താന്‍ അനുവദിക്കില്ലെന്നും തന്റെ അഭിപ്രായത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രാജി വെക്കണമെന്നും പി സി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു.