'യുവാക്കളുടെ സാന്നിധ്യം കുറവ്, പ്രചാരണത്തില്‍ അലസത'; പാലക്കാടന്‍ കാറ്റ് എതിരാകുമോ എന്ന് കെപിസിസി നേതൃത്വത്തിനു ആശങ്ക

രേണുക വേണു
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (08:59 IST)
Palakkad By Election

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ലെന്ന് കെപിസിസി നേതൃത്വം. സിപിഎം സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനു കാണുന്നതു പോലെയുള്ള യുവാക്കളുടെ സാന്നിധ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അതൃപ്തി അറിയിച്ചു. എളുപ്പത്തില്‍ ജയിച്ചു കയറാവുന്ന സാഹചര്യമല്ല പാലക്കാട് ഇപ്പോള്‍ ഉള്ളതെന്നും അലസ സമീപനം മാറ്റി പ്രചാരണ പരിപാടികള്‍ കൂടുതല്‍ സജീവമാക്കണമെന്നും സുധാകരന്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 
യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കുന്നില്ല. ജില്ലയില്‍ കഴിവുള്ള ഒരുപാട് യുവനേതാക്കള്‍ ഉണ്ടായിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ കെട്ടിയിറക്കിയത് എന്തിനാണെന്ന ചോദ്യമാണ് എതിര്‍ വിഭാഗത്തിനുള്ളത്. ഷാഫി പറമ്പിലിന്റെ പിടിവാശിക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം വഴങ്ങാന്‍ പാടില്ലായിരുന്നെന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മന്ദത തിരിച്ചടിയാകുമോ എന്ന ഭയമാണ് കെപിസിസി നേതൃത്വത്തിനുള്ളത്. 
 
യുവാക്കളെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ കാര്യക്ഷമമാക്കണമെന്ന് കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയായിരുന്ന പി.സരിന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ.ഷാനിബ് എന്നിവര്‍ക്കു പിന്നാലെ മറ്റു യുവനേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ ആലോചന നടത്തുന്നുണ്ട്. ഇനിയും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായാല്‍ അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും. അതുകൊണ്ട് അതൃപ്തരായ യുവനേതാക്കളേയും പ്രവര്‍ത്തകരേയും ജില്ലാ നേതൃത്വം പ്രത്യേകം പരിഗണിക്കണമെന്നും പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള വഴികള്‍ നോക്കണമെന്നും കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article