പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയാകും; പിന്തുണച്ച് ഷാഫിയും

രേണുക വേണു

വ്യാഴം, 27 ജൂണ്‍ 2024 (12:11 IST)
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് രാഹുല്‍. ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ബിജെപിക്ക് ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലമായതിനാല്‍ യുവ നേതാവ് തന്നെ പാലക്കാട് സ്ഥാനാര്‍ഥിയാകണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. 
 
ഷാഫിയുടെ താല്‍പര്യം കൂടി പരിഗണിച്ചാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തീരുമാനിക്കുക. അടുത്ത സുഹൃത്ത് കൂടിയായ രാഹുലിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഷാഫി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് ഡിസിസിയില്‍ രാഹുലിനോട് വിയോജിപ്പുള്ളവര്‍ ഉണ്ടെങ്കിലും ഷാഫിയുടെ പിന്തുണയ്ക്കാണ് കൂടുതല്‍ പ്രസക്തി. 
 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് പാലക്കാട്. ബിജെപിക്കായി മെട്രോമാന്‍ ഇ.ശ്രീധരന്‍ ആണ് മത്സരിച്ചത്. അന്ന് 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി ജയിച്ചു കയറിയത്. ഇത്തവണയും ബിജെപി പാലക്കാട് പിടിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അതിനാല്‍ ഷാഫിയെ പോലെ യുവനേതാവ് തന്നെ മത്സരരംഗത്ത് വേണമെന്നും കെപിസിസി തീരുമാനിച്ചിരിക്കുകയാണ്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരിലേക്ക് എത്താന്‍ കാരണം. വി.ടി.ബല്‍റാമിനെയും ഒരു ഘട്ടത്തില്‍ പരിഗണിച്ചിരുന്നെങ്കിലും ബല്‍റാം തൃത്താല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് പാലക്കാട് ജില്ലാ നേതൃത്വം നിലപാടെടുത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍