അനാവശ്യമായി ആരും വയനാട്ടിലേക്ക് വരരുത്; പ്രിയങ്കയുടെ വരവില്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശവുമായി കോണ്‍ഗ്രസ്

രേണുക വേണു
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (07:25 IST)
വയനാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിയെ കാണാന്‍ അനാവശ്യമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തരുതെന്ന് കോണ്‍ഗ്രസ് നിര്‍ദേശം. പ്രിയങ്ക ഗാന്ധിയെ കാണാന്‍ മറ്റു ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്താന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് ഈ നിര്‍ദേശം. പ്രിയങ്ക ഗാന്ധി വരുന്നതിന്റെ ഭാഗമായി അനാവശ്യമായി വയനാട്ടിലേക്ക് ആരും വണ്ടി കയറരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകരോടു ആവശ്യപ്പെട്ടിരിക്കുന്നത്. 
 
തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ പ്രിയങ്ക ഇന്നാണ് വയനാട്ടിലേക്കു എത്തുന്നത്. മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ബത്തേരിയില്‍ എത്തുക. രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടാകും. ഇന്ന് വൈകീട്ടോടെ ഇരുവരും വയനാട്ടില്‍ എത്തുമെന്നാണ് വിവരം. നാളെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ വയനാട്ടില്‍ എത്തും. രണ്ട് കിലോമീറ്റര്‍ റോഡ് ഷോ ആയാകും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. 
 
പ്രിയങ്ക ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പ്രിയങ്കയുടെ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. റായ്ബറേലി നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ച സാഹചര്യത്തിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article