Padmaja Venugopal: താമരയ്ക്ക് 'കൈ' കൊടുക്കാന്‍ പദ്മജ; ഇന്ന് ബിജെപിയില്‍ ചേരും

രേണുക വേണു
വ്യാഴം, 7 മാര്‍ച്ച് 2024 (08:35 IST)
Padmaja Venugopal
Padmaja Venugopal: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. ഡല്‍ഹിയില്‍ എത്തിയ പദ്മജ ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി. പദ്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസില്‍ നിന്ന് നിരന്തരം അവഗണനകള്‍ നേരിട്ടതിനാലാണ് ബിജെപിയിലേക്ക് പോകുന്നതെന്നാണ് പദ്മജയുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. 
 
2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പദ്മജ തോല്‍വി വഴങ്ങിയിരുന്നു. തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വം കാലുവാരിയതാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് പദ്മജ പരോക്ഷമായി പലപ്പോഴും ആരോപിച്ചിരുന്നു. 2021 ല്‍ 946 വോട്ടുകള്‍ക്കാണ് പദ്മജയുടെ തോല്‍വി. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നത് കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതിലും പദ്മജയ്ക്ക് നീരസമുണ്ട്. ഇതെല്ലാം പദ്മജയുടെ ബിജെപി പ്രവേശനത്തില്‍ നിര്‍ണായക സ്വാധീനമായി. 
 
ബിജെപിയില്‍ ചേരുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പദ്മജ തന്നെ സമൂഹമാധ്യമത്തിലൂടെ അതിനെ തള്ളുകയായിരുന്നു. ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നും അത് അടിസ്ഥാന രഹിതമാണെന്നും പദ്മജ ഫെയ്‌സ്ബുക്കിലൂടെ വിശദീകരിക്കുകയായിരുന്നു. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ് പദ്മജ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article