ഉമ്മൻചാണ്ടിയുടെ ഉപദേശം എതിർപ്പില്ലാതെ പിണറായി വിജയൻ സ്വീകരിച്ചു!

Webdunia
വെള്ളി, 18 നവം‌ബര്‍ 2016 (07:45 IST)
നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന്റെ പ്രശ്നങ്ങൾ നിലനിൽക്കവേ കേരളം മറ്റൊരു പ്രതിസന്ധിയിലാണ്. നോട്ട് മാറ്റിയെടുക്കുന്നതിൽ നിന്നും സഹകരണ ബാങ്കുകളെ മാത്രം ഒഴുവാക്കിയപ്പോൾ സഹകരണ ബാങ്കുക‌ളിൽ മാത്രം അക്കൗണ്ട് ഉള്ളവർ കുടുങ്ങിയിരിക്കുകയാണ്. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റു‌ന്നതിനായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർദേശിച്ച മാർഗത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം.
 
ഉമ്മൻചാണ്ടി രേഖാമൂലം നേരത്തേ സമർപ്പിച്ച കോഓപ്പറേറ്റീവ് ഗാരന്റി ട്രാൻസാക്‌ഷൻ സിസ്റ്റം സർക്കാരിനു സമ്മതമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ ഇറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഹകാരിയുടെ അക്കൗണ്ടിലെ പണം അദ്ദേഹം ആവശ്യപ്പെടുന്നിടത്തേക്ക് ഓൺലൈൻവഴി കൈമാറുകയോ പണത്തിന് ബാങ്ക് ഗാരന്റി നൽകുകയോ ചെയ്യുന്നതാണ് നിർദേശം. 
 
നിക്ഷേപകൻ സഹകരണബാങ്കിൽ നൽകുന്ന ചെക്ക് പാസാക്കിയാൽ, അദ്ദേഹം നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്ന സ്ഥാപനങ്ങൾക്കു ജില്ലാ സഹകരണബാങ്ക് ഗാരന്റി നൽകണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കത്തിന് അംഗീകരം ഉണ്ടെന്നും ഇത് സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയാൽ മതി. യുഡിഎഫിനകത്തും സഹകാരികളുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ നിർദേശം സമർപ്പിച്ചത്.
 
Next Article