സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ പ്രധിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് സത്യാഗ്രഹമിരിക്കും. തിരുവനന്തപുരത്തെ റിസർവ് ബാങ്ക് ഓഫീസിന് മുന്നിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് സത്യഗ്രഹം. സർക്കാരിന്റെ തീരുമാനത്തിനൊപ്പം അനുകൂല നിലപാട് അറിയിച്ച് യു ഡി എഫും രംഗത്തുണ്ട്. അതേസമയം, സർക്കാർ നടത്താനിരിക്കുന്ന ഈ സമരം കള്ളപ്പണക്കാർ സ്പോൺസർ ചെയ്തതാണെന്ന് ബി ജെ പി ആരോപിക്കുന്നു.
യോജിച്ച സമരത്തിനുള്ള ഘട്ടമാണ് ഇതെന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രത്യേകം പ്രതികരണങ്ങളിൽ അഭിപ്രായപ്പെട്ടു. പ്രതിപക്ഷവുമായി ഇന്നലെ ഉച്ചയ്ക്കുശേഷം നടന്ന ചർച്ചയിൽ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു. ‘എല്ലാ കാര്യങ്ങളിലും സഹകരിക്കാമെന്നു പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ഈ സമരം ഞങ്ങൾ തീരുമാനിച്ചതാണ്. തുടർന്നുള്ള കാര്യങ്ങൾ സർവകക്ഷി യോഗത്തിൽ കൂട്ടായി ആലോചിക്കും.’
സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകർക്കാനുള്ള ശ്രമമാണ് ബിജെപി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. സഹകരണ ബാങ്കുകൾ കള്ളപ്പണത്തിന്‍റെ കേന്ദ്രമാണെന്ന് പറയുന്നത് അസംബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ബാങ്കിങ് മേഖലയെ തകർക്കുന്നതിനുള്ള ഗൂഢ ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലുള്ളത്. ബി ജെ പി നേതാക്കളുടെ പ്രസ്താവനകൾ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സഹകരണ മേഖല ജനങ്ങളുടെ മേഖലയാണെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും. നിലവിലെ സാഹചര്യം സഹകരണ മേഖലയെ തകർക്കുന്നതിനായി ചിലർ ഉപയോഗിക്കുകയാണ് പിണറായി വിജയൻ പറഞ്ഞു. എല്ലാ ട്രഷറികളിലും എക്സ്ചേഞ്ച് കൗണ്ടറുകൾ തുറക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ആരംഭിച്ചു. ഇതിന് റിസർവ് ബാങ്കിന്‍റെ അനുമതി തേടിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.