മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തമ്മിലുള്ള പോര് മുറുക്കുന്നു. തനിക്കെതിരെയും മന്ത്രിമാര്‍ക്കുമെതിരെ കേസുകളുണ്ടെന്ന ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ വിഎസിനെതിരെ നിയമനടപടികളമായി മുന്‍പോട്ട് പോകുമെന്ന് മുഖ്യമന്ത്രി. വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന് പറയുന്ന വിഎസ് അവ ഏതെല്ലാമാണെന്ന് വിശദീകരിക്കണം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ 136 കേസുകള്‍ നിലവിലുണ്ടെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. 136 പോയിട്ട് ഒരു കേസെങ്കിലും നിലവിലുണ്ടെങ്കില്‍ അത് വിഎസ് പറയട്ടെ. ഒരു കേസിന്റെയെങ്കിലും എഫ്ഐആര്‍ അദേഹം പുറത്തു വിടട്ടെ. യുഡിഎഫ് മന്ത്രിമാരില്‍ കെഎംമാണിക്കെതിരെ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് അത് റദ്ദാക്കാനുള്ള അപേക്ഷയിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ് മുഖ്യമന്ത്രി വിശദീകരിച്ചു.
കൊലക്കേസ് പ്രതികളടക്കമുള്ളവര്‍ ഇക്കുറി വിഎസിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാണ്. 54 കേസുകള്‍ സ്വന്തം പേരിലുണ്ടെന്ന് രേഖാമൂലം സമ്മതിച്ചവര്‍ വരെ എല്‍.ഡി.എഫിനായി മത്സരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
അതേസമയം, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനിൽക്കുന്നതായി വിഎസ് അച്യുതാനന്ദൻ പറഞ്ഞു. അതിന്റെ പേരില്‍ മുഖ്യമന്ത്രി തനിക്കെതിരെ കേസുകൊടുത്താലും അഭിപ്രായം മാറ്റില്ല. അഴിമതിക്കാരെ പുറത്താക്കണമെന്ന നിലപാട് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ ധർമടത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഉമ്മൻചാണ്ടിക്കെതിരെ വി എസ് രൂക്ഷ വിമർശനങ്ങള്‍ ഉന്നയിച്ചത്. മന്ത്രിമാര്‍ക്കെതിരെയും വിഎസ് രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നു.