ബിജെപി ശക്തമായി മത്സരിക്കുന്നിടത്ത് സിപിഎമ്മിനെ കാണുന്നില്ല; പ്രസംഗ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദമാക്കി, വിശദീകരണവുമായി ഉമ്മൻചാണ്ടി ഫേസ്‌ബുക്കില്‍

Webdunia
ശനി, 7 മെയ് 2016 (17:56 IST)
തന്റെ പ്രസംഗം അടർത്തിയെടുത്ത് വിവാദമാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫേസ്‌ബുക്കില്‍.
കേരളത്തിൽ മൽസരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് പറഞ്ഞിട്ടില്ല. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണ്. കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നിന്ന് ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്തു വിവാദമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. താന്‍ വിശദീകരിച്ചത് എന്താണെന്ന് മനസിലാക്കാതെയാണ് വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

ബിജെപി ശക്തമായി മത്സരിക്കുന്നിടത്ത് സിപിഎമ്മിനെ കാണുന്നില്ല

യുഡിഎഫും ബിജെപിയും തമ്മിലാണു കേരളത്തില്‍ മത്സരം നടക്കുതെന്ന് ഞാൻ കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ചതായി ചാനലുകള്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. തുടര്‍ ഭരണത്തിനു ശ്രമിക്കുന്ന കോൺഗ്രസ് ബിജെപിയുമായി ധാരണയുണ്ടാക്കുന്നുവെന്ന സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് കുട്ടനാട്ടിൽ മറുപടി പറയുകയായിരുന്നു ഞാൻ.

മഞ്ചേശ്വരത്തും കാസര്‍കോട്ടും യുഡിഎഫ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്തു ബിജെപിയാണ്. ഇതാണു മറ്റു ചില മണ്ഡലങ്ങളിലും കാണുത്. ബിജെപി ശക്തമായി മത്സരിക്കുന്നിടത്ത് സിപിഎമ്മിന്റെ മത്സരം കാണുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എങ്ങനെ ധാരണയുണ്ടാക്കും? സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയെങ്കില്‍ അത് മറച്ചുവയ്ക്കാനാണോ യെച്ചൂരി ശ്രമിക്കുത് എന്നാണ് ഞാൻ ചോദിച്ചത്.

മഞ്ചേശ്വരത്തും കാസര്‍കോടും അതുപോലെ മറ്റു ചില മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന യുഡിഎഫിന് എങ്ങനെ വോട്ട് മറിക്കാനാകും? രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ തമ്മിലേ വോട്ട് മറിക്കല്‍ സാധ്യമാകൂ. രണ്ടു കൂട്ടരുടേയും പ്രഖ്യാപിത ശത്രു കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് മുക്തഭാരതത്തിനുവേണ്ടി ഏതടവും പയറ്റുന്നവരാണ് ബിജെപി. മതേതര കേരളത്തില്‍ അക്കൗണ്ട് തുറക്കണമെന്നത് അവരുടെ ഏറ്റവും വലിയ ആഗ്രഹമാണ്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ കേരളത്തില്‍ വന്ന് വിഭജന രാഷ്ട്രീയം പറഞ്ഞ് എങ്ങനെയും അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുകയാണ്.

അതേസമയം, കേരളം കൂടി നഷ്ടപ്പെട്ടാല്‍ സിപിഎമ്മിന്റെ ഭാവി പരിതാപകരമാകും. ഇതാണ് ഇവര്‍ രണ്ടുപേരും തമ്മില്‍ ധാരണയുണ്ടാകാന്‍ കാരണമെന്നും ഞാൻ അവിടെ പറഞ്ഞിരുന്നു.

ദേശീയ തലത്തില്‍ ബിജെപിയെ എതിര്‍ക്കാനും തോല്‍പ്പിക്കാനും ശക്തിയുള്ള ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നു പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണ് സിപിഎം ശ്രമിക്കുന്നത്. അത് കേരളത്തില്‍ വിലപ്പോകില്ല.

കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നിന്നു ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്തു വിവാദമാക്കാനാണു ചിലര്‍ ശ്രമിക്കുന്നത്. ഞാൻ വിശദീകരിച്ചത് എന്താണെന്ന് മനസിലാക്കാതെയാണ് വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്.
Next Article