എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം അഭിമന്യു വധത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി പിടിയിലായി. പള്ളുരുത്തി സ്വദേശി സനീഷാണ് പൊലീസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്.
കൊച്ചിയില്‍ നിന്നുമാണ് കൊച്ചി സെൻട്രൽ പൊലീസ് സനീഷിനെ കസ്റ്റഡിയിൽ എടുത്തത്. മുഖ്യപ്രതി മുഹമ്മദിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. സനീഷിന് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അഭിമന്യു കൊല്ലപ്പെടുമ്പോള്‍ മുഹമ്മദിനൊപ്പം സനീഷും സംഭവസ്ഥലത്തുണ്ടായിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി കസ്റ്റഡിയിലുണ്ടെന്നും സൂചനകളുണ്ട്. മുഹമ്മദില്‍ നിന്ന് കൂടുതല്‍ പ്രതികളിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.