കണ്ണൂരിൽ ക‌ല്യാണവീട്ടിലെ തർക്കത്തിന് പിന്നാലെ വിവാ‌ഹപാർട്ടിയ്ക്ക് നേരെ ബോംബേറ്: യുവാവ് കൊല്ലപ്പെട്ടു

ഞായര്‍, 13 ഫെബ്രുവരി 2022 (16:19 IST)
കണ്ണൂർ തോട്ടടയിൽ ബോംബ് പൊട്ടി ഒരാൾ കൊല്ലപ്പെട്ടു.കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പി‌ച്ചു. ഞായറാഴ്‌ച്ച രണ്ട് മണിയോടെയാണ് സംഭവം.
 
തോട്ടടയിലെ കല്ല്യാണവീട്ടിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിക്കുകയായിരുന്നു.ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അക്രമികൾ ‌ബോംബെറിഞ്ഞത്.
 
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തു. ബോംബുമായി ആക്രമിക്കാൻ വന്ന സംഘത്തിൽ പെട്ട യുവാവ് തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. ശനിയാഴ്‌ച രാത്രിയുണ്ടായ തർക്ക‌ത്തിന് പ്രതികരാമായാണ് സംഘം ബോംബുമായി ‌വന്നതെന്നാണ് നിഗമനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍