കേരളത്തിൽ നിന്നു പോയ ബോട്ടുകൾ ഒമാൻ, ഇറാൻ തീരത്ത്?

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (08:18 IST)
ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട മത്സ്യബന്ധന തൊഴിലാളികളിൽ 96 പേർ ഇനിയും തിരികെയെത്താനുണ്ടെന്ന് കണക്ക്. ചുഴലിക്കാറ്റിൽ പെട്ട് നിയന്ത്രണം വിട്ട മൽസ്യത്തൊഴിലാളികളുടെ ബോട്ടുകൾ ഇറാൻ, ഒമാൻ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ.
 
കാറ്റിന്റെ ദിശ വിലയിരുത്തിയാണ് ബോട്ടുകൾ ഇറാൻ, ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ അറിയിച്ചത്. നാവിക, വ്യോമ, തീരസേനകളുടെ സംയുക്ത തിരച്ചിൽ ഈ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചേക്കും. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് ഇന്നലെ സേനകൾ 100 മൈൽ അകലെവരെ തിരച്ചിൽ നടത്തി.
 
ചുഴലിക്കാറ്റുണ്ടായ 30 മുതൽ കടലിലെ കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറു കേന്ദ്രീകരിച്ചാണ്. ചുഴലിക്കാറ്റിന്റെ ദിശയ്ക്കനുസരിച്ചു കടലൊഴുക്കിന്റെ ഗതിയും മാറിയിട്ടുണ്ട്. ഇ കാറ്റിന്റെ ഗതി അനുസരിച്ചാണ് കേരളത്തിലുള്ളവർ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ എത്തിപ്പെട്ടത്. 
 
മീൻപിടിത്ത ബോട്ടുകൾ കാറ്റിന്റെ ദിശയിൽ ഏറെദൂരം പോകാൻ സാധ്യതയുള്ളതിനാൽ ഇനി സാധാരണ ബോട്ടുകളിൽ തിരച്ചിൽ നടത്തിയിട്ടു കാര്യമായ ഫലമില്ലെന്ന് ഏറെക്കാലമായി പുറംകടലിൽ പോയി പരിചയമുള്ളവർ പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍