ഓഖി ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കണ്ണന്താനം

ഞായര്‍, 3 ഡിസം‌ബര്‍ 2017 (13:24 IST)
നവംബര്‍ 30നാണ് ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മുന്നറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ സംസ്ഥാനം ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവെന്നും സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോഴില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. മാത്രമല്ല കാറ്റിന്റെ ഗതിയെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നെന്നു പറഞ്ഞ കേന്ദ്രമന്ത്രി ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ ആളുകളെ രക്ഷപ്പെടുത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. സംസ്ഥാനത്ത് കടുത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്ത ശേഷമാണ് കണ്ണന്താനവും മുഖ്യമന്ത്രിയും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കും കണ്ണന്താനത്തിനും പുറമേ മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
 
അതേസമയം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നാണ് സേനയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സേന നടത്തുന്ന രക്ഷാപ്രവ്രര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി മന്ത്രി കേരളത്തിലെത്തുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്‌സിന്റെ തിരുവനന്തപുരം ശംഖുമുഖത്തെ ടെക്‌നിക്കല്‍ ഏരിയയിലാണ് മന്ത്രിയെത്തുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍