ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് മരണം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല, പരിക്കേറ്റവര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ബോട്ട് നഷ്ടപ്പെട്ട ആളുകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുമെന്നും ആ തുക എത്രയായിരിക്കണമെന്ന കാര്യം പിന്നീട് നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ഫലപ്രദമായ മുന്നറിയിപ്പിന് സംവിധാനം ഒരുക്കും. ഇത് വരെയായി 400 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചുഴലിക്കാറ്റില്‍ ബോട്ടുകള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കും. ഫിഷറീസ് വകുപ്പാണ് ആ തുക വിതരണം ചെയ്യുക. തീരദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരാഴ്ചത്തേക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ലക്ഷദ്വീപില്‍ പന്ത്രണ്ട് ബോട്ടുകളിലായി 138 പേരെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ എത്രപേരാണ് കടലില്‍ പോയിരിക്കുന്നതെന്ന് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിനായി വില്ലേജ് ഓഫീസര്‍മാരിലൂടെ വിവരശേഖരണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീട് ഒഴിഞ്ഞു പോകേണ്ടി വന്നവര്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 529 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന് എന്നിവ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.