കേരളത്തിലും ലക്ഷദ്വീപിലുമായി കനത്ത നാശനഷ്ടങ്ങൾ വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കന്നതായി റിപ്പോർട്ട്. മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിലാണ് ഓഖിയുടെ സഞ്ചാരമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മിനിക്കോയി ദ്വീപിന് മുകളിൽ നിന്നുമാണ് ഓഖി കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വിദഗ്ധര്‍ അറിയിച്ചു.
കാറ്റിന്റെ വേഗത 180കിലോമീറ്റര്‍ വരെ ആകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. ഓഖിയുടെ പ്രഹരത്തിൽ ഇതുവരെ 16 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കേരളത്തിൽ നിന്നുള്ള 66 ബോട്ടുകൾ മഹാരാഷ്ട്ര തീരത്തെത്തിയതായും എല്ലാവരും സുരക്ഷിതരാണെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയോടെ ഓഖിയുടെ ശക്തി കുറയുമെന്നാണ് വിവരം. എന്നാൽ സംസ്ഥാനത്ത് ഇത്രെയേറെ നാശനഷ്ടങ്ങൾ വരുത്തിയിട്ടും കൃത്യമായ കണക്ക് ലഭിക്കാതെ സർക്കാർ വലയുകയാണ്. റവന്യു വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് 126 പേരെയാണ് കാണാതായത്. എന്നാൽ ഇന്ന് രാവിലെ വരെ 105 പേര് മാത്രമാണ് ദുരന്തമുഖത്തുള്ളതെന്നും 126 എന്നുള്ളത് തെറ്റായ കണക്കാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.