കേരളതീരത്ത് ഭീമൻ തിരമാലകൾക്ക് സാധ്യത, നദികളിലെ ജലനിരപ്പ് ഉയർന്നേക്കും; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ശനി, 2 ഡിസം‌ബര്‍ 2017 (08:14 IST)
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. തീരത്തെങ്ങും കനത്ത ജാഗ്രതാനിർദേശമുണ്ട്. 
 
ശക്തമായ മഴയുണ്ടാകും. ഏഴു സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നേക്കുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളിലെ ജലനിരപ്പാണ് ഉയരുകയെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫ്‌ളഡ് ഫോര്‍കാസ്റ്റ് മോണിറ്ററിങ് ഡയറക്ടറേറ്റ് അറിയിച്ചു.
 
തീരത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെ വരെ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍വരെ തിരയുയരും. ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
 
ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങിയെങ്കിലും വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് അടുത്ത 24 മണിക്കൂറിൽ ശക്തമായ തിരയടിക്കും. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
 
ചുഴലിക്കാറ്റ് മണിക്കൂറിൽ 145 കിലോ മീറ്റർ വേഗതയിൽ ലക്ഷദ്വീപിലേക്ക് നീങ്ങുകയാണ്. ഓഖി ഇന്ന് രാത്രിയോടെ അംനി ദ്വീപിലേക്ക് എത്തും. ഇതോടെ കാറ്റ് ദ്വീപിൽ കനത്ത നാശം വിതയ്ക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍