കലിയടങ്ങാതെ ‘ഓഖി’; 14 മരണം, 126 പേരെ കണ്ടെത്താനുണ്ടെന്ന് സർക്കാർ - മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്

ശനി, 2 ഡിസം‌ബര്‍ 2017 (16:58 IST)
സംസ്ഥാനത്ത് ദുരിതം വിതച്ചെത്തിയ ഓഖി ചുഴലിക്കാറ്റില്‍ ഇന്ന് മൂന്ന് പേര്‍കൂടി മരിച്ചതോടെ കേരളത്തിലെ മരണസംഖ്യ 14 ആയി. മരിച്ചവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രക്ഷാപ്രവർത്തനം പൂർണതോതിൽ പുരോഗമിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് 20,000 രൂപയും സൗജന്യ ചികിത്സയും സർക്കാർ അനുവദിച്ചു.

126 പേരെ കണ്ടെത്താനുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കടലില്‍ കുടുങ്ങിയതില്‍ 417 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 106 തൊഴിലാളികളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

138 പേർ ലക്ഷദ്വീപില്‍ കുടുങ്ങി കിടക്കുകയാണ്. കടലില്‍ നിന്നും കാണാതായവര്‍ക്ക് വേണ്ടി നാവിക സേനയും വ്യോമസേനയും തിരച്ചില്‍ തുടരുകയാണ്. മഴയ്ക്കും കാറ്റിനും ശമനമുണ്ടെങ്കിലും കടല്‍ പ്രക്ഷുബ്ധമാണ്. കേരളത്തില്‍ ഒരു ദിവസംകൂടി മഴതുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍