ഓഖി 135 കിലോമീറ്റർ വേഗതയിൽ ലക്ഷദ്വീപിൽ വീശുന്നു, കനത്ത മഴ; രക്ഷാപ്രവർത്തനം ശക്തമാക്കി നാവികസേന
ശനി, 2 ഡിസംബര്‍ 2017 (10:24 IST)
ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടുന്നു. 135 കിലോമീറ്റർ വേഗതയിൽ ഓഖി ലക്ഷദ്വീപിൽ നാശം വിതയ്ക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ദ്വീപുകളിലെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയും പെയ്യുന്നുണ്ട്.
ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. കൽപ്പേനിയിലും മിനിക്കോയിയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കവരത്തിയുടെ വടക്കാൻ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി.
കേരള തീരത്തേക്കാൾ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. ലക്ഷദ്വീപിൽ ഇന്ന് ഉച്ചയോടെ 190 കി മീ വേഗത്തിൽ വരെ കാറ്റിനു സാധ്യതയുണ്ട്. കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാൻ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയിൽ തകർന്നു.