നോട്ട് ഇരട്ടിപ്പ് വാഗ്ദാനത്തിലൂടെ പ്രവാസിയുടെ 80 ലക്ഷം രൂപതട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (18:55 IST)
മലപ്പുറം: പ്രവാസിയുടെ വീട്ടില്‍ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ തളിപ്പറമ്പ് പുതിയ വീട്ടില്‍ റിവാജ് എന്ന മുപ്പത്തിനാലു കാരനാണ് തിരൂര്‍ പോലീസ് വലയിലായത്. എന്നാല്‍ സംഘത്തിലെ പ്രധാന പ്രതി മുംബൈയിലേക്ക് കടന്നു എന്നാണ് പോലീസ് വെളിപ്പെടുത്തിയത്.
 
ഗുണ്ടാ നിയമ പ്രകാരം റിവാജിനെതിരെ പതിനേഴു കേസുകളാണ് ഉള്ളതെന്ന് പോലീസ് അറിയിച്ചു. തിരൂര്‍ പയ്യനങ്ങാടി സ്വദേശി കുഞ്ഞുമുഹമ്മദിന്റെ പണമാണ് നാലംഗ സംഘം കവര്‍ന്നത്. നാട്ടില്‍ ഒരു കോടി രൂപ നല്‍കിയാല്‍ വിദേശത്തുള്ള കുഞ്ഞഹമ്മദിന്റെ മകന് രണ്ട് കോടി രൂപയ്ക്കു തുല്യമായ തുക നല്‍കാം എന്ന് പറഞ്ഞാണ് സംഘം കുഞ്ഞഹമ്മദിനെ സമീപിച്ചത്.
 
കുഞ്ഞഹമ്മദിന്റെ മകന്റെ സുഹൃത്തായ കാസര്‍കോട് സ്വദേശി വഴിയാണ് സംഘം കുഞ്ഞഹമ്മദിനെ കണ്ടത്.പണം ആവശ്യപ്പെട്ടപ്പോള്‍ തന്റെ മകന്റെ അകൗണ്ടില്‍ പണം എത്തിയാല്‍ മാത്രമേ താന്‍ പണം നല്‍കൂ എന്ന കുഞ്ഞഹമ്മദ് പറഞ്ഞു. സംഘം ഇതിനു ശേഷം രാത്രി തിരിച്ചെത്തുകയും വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയെടുക്കുകയും ചെയ്തു. എന്നാല്‍ ബലപ്രയോഗത്തിനിടെ ഇരുപതു ലക്ഷം രൂപ താഴെ വീണത് ഇട്ടിട്ട് എണ്‍പതു ലക്ഷം മാത്രമാണ് അക്രമികള്‍ കൊണ്ടുപോയത്.
 
തുടര്‍ന്ന് കുഞ്ഞഹമ്മദ് തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ വച്ച് സംഘം വാടകയ്ക്കെടുത്ത് വന്ന കാര്‍ കണ്ടെത്തി അതിന്റെ ഉടമ വഴി സംഘത്തെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് തളിപ്പറമ്പില്‍ റിവാജ് എത്തുമെന്നറിഞ്ഞ തിരൂര്‍ പോലീസ് തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെ തളിപ്പറമ്പ് മന്ന സ്‌കൂളില്‍ നിന്നും അതി സാഹസികമായി ഇയാളെ പിടികൂടുകയും ചെയ്തു.
 
ജൂവലറി ഉടമയെ ആക്രമിച്ചു സ്വര്‍ണ്ണം തട്ടിയ കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഉത്തരേന്ത്യക്കാര്‍ നോട്ടിരട്ടിപ്പ് നല്‍കാമെന്ന് കബളിപ്പിച്ചു മര്‍ദ്ദിച്ച കേസിലും ഉള്‍പ്പെടെ വിവിധ കേസുകളില്‍ മുഖ്യപ്രതിയാണ് റിവാജ് എന്ന് പോലീസ് അറിയിച്ചു. മുംബൈയിലേക്ക് കടന്ന മുഖ്യപ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. നോട്ടിരട്ടിപ്പ് സംഘത്തിന് അന്താരാഷ്ട്ര തലത്തില്‍ ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.  

അനുബന്ധ വാര്‍ത്തകള്‍

Next Article