ആശയപരമായ തര്‍ക്കങ്ങള്‍ തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍. റോഡു വികസനമുള്‍പ്പെടെ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതാണ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രശംസയ്‌ക്ക് കാരണമായത്.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്‌ചയിലാണ് ഗഡ്കരി മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. ‘നന്ദി വിജയന്‍ സാര്‍, നന്ദി. താങ്കളെക്കൊണ്ടു മാത്രമാണ് കേരളത്തില്‍ വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ സാധ്യമാവുക’ - എന്നു പറഞ്ഞു കൊണ്ടാണ്ഗഡ്ഗരി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഈ സമയം മുഖ്യമന്ത്രിക്കൊപ്പം ഉദ്യോഗസ്ഥ സംഘവും ഉണ്ടായിരുന്നു.
ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ എന്നീ വിഷയങ്ങളില്‍ ഇടത് സര്‍ക്കാര്‍ നടത്തുന്ന നീക്കമാണ് ഗഡ്‌കരിയുടെ മനം കവര്‍ന്നത്. ഈ പദ്ധതികള്‍ കേന്ദ്രത്തിന്റെ പിന്തുണ എന്നും ഉണ്ടാകും. ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുത്തു നല്‍കാതെ കേന്ദ്രത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതിനൊപ്പം റോഡിന്റെ വീതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് ഒരുക്കമല്ല. ഇക്കാര്യത്തില്‍ പോസീറ്റിവായ നീക്കം നടത്താന്‍ പിണറായി സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്‌ചയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയേക്കുറിച്ചാണ്. അന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ ഉറപ്പാണ് ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ പാലിക്കുന്നത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടക്കാത്ത കാര്യമാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതാണ് ഗഡ്‌കരിയുടെ പ്രശംസയ്‌ക്ക് കാരണമായത്.
വികസന കാര്യങ്ങളുടെ കാര്യത്തില്‍ കേരളാ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് സ്വീകരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.