കുട്ടിക്ക് നിപ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

Webdunia
ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (08:12 IST)
കോഴിക്കോട് പന്ത്രണ്ട് വയസുകാരന്‍ മരിച്ചത് നിപ വൈറസ് ബാധിച്ച് തന്നെ. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇക്കാര്യം സ്ഥിരീകരിച്ചു. കുട്ടിയുടെ മൂന്ന് സാംപിള്‍ ഫലങ്ങളും പോസിറ്റീവ്. അടിയന്തര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല. ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപമുള്ള റോഡുകളില്‍ നിയന്ത്രണം കര്‍ശനമാക്കി. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകള്‍ അടച്ചു. കുട്ടിയുടെ മാതാപിതാക്കളെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി. കോഴിക്കോട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരും. 
 
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. മസ്തിഷ്‌കജ്വരവും ഛര്‍ദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നാം തിയ്യതിയായിരുന്നു ഇത്. പനിയും മസ്തിഷ്‌ക ജ്വരവും ഛര്‍ദിയുമുണ്ടായിരുന്നതിനാലാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചത്. തുടര്‍ന്നാണ് നിപയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
 
ഛര്‍ദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാല്‍ നിപ പരിശോധന നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടിയുടെ ശ്രവം പരിശോധനയ്ക്ക് അയച്ചത്. വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. കഴിഞ്ഞ തവണ കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article