കെട്ടിപ്പിടിച്ച ഫോട്ടോ കൊണ്ട് ഐക്യമുണ്ടാകില്ല; തമ്മില്‍ തല്ല് തുടര്‍ന്നാല്‍ ഇത്തവണ പ്രതിപക്ഷത്തിരിക്കാം: കോണ്‍ഗ്രസ് നേതാക്കളോട് എ കെ ആന്റണി

Webdunia
ശനി, 19 മാര്‍ച്ച് 2016 (14:12 IST)
തമ്മില്‍ തല്ല് തുടര്‍ന്നാല്‍ ഇത്തവണ പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അണികളും മനസിലാക്കുന്നത് നല്ലതാണെന്ന് മുതിർന്ന നേതാവ് എ കെ ആന്‍റണി. നല്ല സ്ഥാനാർഥികളും ഐക്യവുമാണ് കോണ്‍ഗ്രസിന്‍റെ വിജയ മന്ത്രമെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും പാര്‍ട്ടിയില്‍ പരസ്യ വിവാദങ്ങള്‍ ഇതുവരേയും അവസാനിക്കാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് എ കെ ആന്‍റണിയും ഇക്കാര്യത്തില്‍ മനസ് തുറന്നത്. കെട്ടിപ്പിടിച്ചുള്ള ഫോട്ടോ കൊണ്ടോ പ്രസ്താവന കൊണ്ടോ ഐക്യമുണ്ടാകില്ല. പാര്‍ട്ടിയില്‍ ഐക്യമില്ലെങ്കില്‍ അടുത്ത അഞ്ചു വര്‍ഷവും പ്രതിപക്ഷത്തിരിക്കേണ്ടി വരും. ഇത് എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാണെന്നും എ കെ ആന്‍റണി വ്യക്തമാക്കി.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ പാടില്ലെന്ന മനസോടെ എല്ലാവരും പ്രവര്‍ത്തിക്കണം. മറ്റുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷമെന്ന തീരുമാനത്തിലെത്തി ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാർഥിയാണ് ഇന്ന് പ്രധാനം. ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. ഒരുമിച്ചെത്തുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ പോലും പല സ്ഥാനാർഥിക്ക് വോട്ടു ചെയ്യുന്ന കാലമാണ്. അതുകൊണ്ട് തന്നെ ഐക്യത്തിനൊപ്പം നല്ല സ്ഥാനാര്‍ഥികളേയും കോണ്‍ഗ്രസ് രംഗത്തിറക്കാന്‍ ശ്രദ്ധിക്കണമെന്നും ആന്റണി കൂട്ടിച്ചേർത്തു.