കോണ്‍ഗ്രസ് വോട്ട് കൂടുതല്‍ പിടിച്ചത് കൊണ്ടാണ് ബിജെപി പരാജയപ്പെട്ടതെന്ന കെ.മുരളീധരന്റെ പ്രസ്താവന വളരെ വിചിത്രം: കുമ്മനം രാജശേഖരന്‍

ശ്രീനു എസ്
ബുധന്‍, 5 മെയ് 2021 (17:31 IST)
കോണ്‍ഗ്രസ് വോട്ട് കൂടുതല്‍ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രസ്താവന വളരെ വിചിത്രമായിരിക്കുന്നുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേമത്തു കോണ്‍ഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരന്‍ വ്യക്തമാക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
 
2021ല്‍ കോണ്‍ഗ്രസ് വോട്ട് എല്‍.ഡി.എഫിനുപോയത് കൊണ്ടാണ് 33,921 (24%) വോട്ടില്‍ നിന്നും 55,837(38.2%) ആയി എല്‍.ഡി.എഫിനു ഉയര്‍ത്താന്‍ കഴിഞ്ഞത്. നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിനും കോണ്‍ഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോണ്‍ഗ്രസിന്റെ വോട്ട് എല്‍.ഡി.എഫിന് മറിച്ചു കൊടുത്താണ് കോണ്‍ഗ്രസ് ബി.ജെ.പിയെ തോല്‍പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 
തങ്ങള്‍ തോറ്റാലും വേണ്ടില്ല എല്‍.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോണ്‍ഗ്രസിന്റെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബി.ജെ.പി പരാജയപ്പെട്ടത് കോണ്‍ഗ്രസ് കൂടുതല്‍ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരന്റെ അവകാശവാദം ശരിയാണെങ്കില്‍ സി.പി.എം വിജയിച്ചതിന്റെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം. 
കേരളത്തിലുടനീളം ബി.ജെ.പിയെ തോല്‍പിക്കാന്‍ പരസ്പര ധാരണയും ആസൂത്രണവും എല്‍.ഡി.എഫും, യു.ഡി.എഫും തമ്മിലുണ്ടായിരുന്നുവെന്നു മുരളീധരന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നുവെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article