നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആ‍ര്‍എസ്എസ് ജില്ലാ പ്രചാരക് പിടിയിൽ

Webdunia
ഞായര്‍, 3 ഫെബ്രുവരി 2019 (11:41 IST)
ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലില്‍ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ.

ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണ് ആണ് പിടിയിലായത്. തമ്പാനൂര്‍ റെയില്‍‌വെ സ്‌റ്റേഷനില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. നെടുമങ്ങാട് ഡിവൈഎസ്‌പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ശബരിമല യുവതീ പ്രവേശനത്തിൽ ശബരിമല കർമസമിതിയും ബിജെപിയും ആഹ്വാനം ചെയ്‌ത ഹർത്താലിന് ഇടയിലാണ് പ്രവീൺ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് പ്രവീൺ ബോംബെറിഞ്ഞത്. അഞ്ച് തവണയാണ് ഇയാൾ ബോംബ് എറിഞ്ഞത്.

ഹർത്താൽ ദിവസം നെടുമങ്ങാട് ആനാട് വച്ച് എസ്ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ ആർഎസ്എസ് പ്രവർത്തകരെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സ്റ്റേഷൻ പരിസരത്തേക്ക് പ്രവീണ്‍ ബോംബെറിഞ്ഞത്.  

ഇയാളെ പിടികൂടാന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. പല ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രവീൺ പൊലീസ് പിടിയിലാകുന്നത്. പ്രവീണ്‍ ബോംബെറിയുന്ന ദൃശ്യം സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതാണ് കേസില്‍ പ്രധാന തെളിവായത്.

പാര്‍ട്ടി ഓഫീസുകളിലും പ്രവീണുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ പാര്‍ട്ടി പ്രവര്‍ത്തകരിൽ നിന്ന് തന്നെ ചോര്‍ന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് പ്രവീണിനെ പൊലീസ് പിടികൂടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article