തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍എബിഎച്ച് ദേശീയ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ കാന്‍സര്‍ ആശുപത്രിയാണ് ആര്‍സിസിയെന്നും മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തപ്പെട്ട ആര്‍സിസിയെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനോട് നേരിട്ട് ആവശ്യപ്പെട്ടശേഷമാണ് വിഎസ് ശിവകുമാര്‍ ഇക്കാര്യം അറിയിച്ചത്. രോഗനിര്‍ണയ-ചികിത്സാ സങ്കേതങ്ങളിലെ ഉന്നതഗുണനിലവാരം 102 മാനദണ്ഡങ്ങളുടേയും 636 ലക്ഷങ്ങളുടേയും അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് ആര്‍സിസിയ്ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായാണ് അക്രഡിറ്റേഷനുവേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ നടത്തിയത്. പിഴവില്ലാത്ത ചികിത്സ, രോഗീപരിചരണ നിലവാരം, അത്യാധുനിക രോഗനിര്‍ണയ സങ്കേതങ്ങള്‍, അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, രോഗികളുടെ സുരക്ഷ, വാര്‍ഡുകളിലെ സൗകര്യങ്ങള്‍, സേവനങ്ങളുടേയും സൗകര്യങ്ങളുടേയും ഡോക്യുമെന്റേഷന്‍ മുതലായവയെല്ലാം ഉറപ്പുവരുത്തിക്കൊണ്ടാണ് അക്രഡിറ്റേഷനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് മന്ത്രി അറിയിച്ചു.