നടനും എംഎല്‍എയുമായ മുകേഷിനെതിരെ രോഷപ്രകടനവുമായി നാട്ടുകാര്‍. കേരളത്തിനെ ഭീതിയിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുമ്പോഴൊന്നും കാണാത്ത എംഎല്‍എയെ പെട്ടന്ന് കണ്ടപ്പോളാണ് നാട്ടുകാരുടെ രോഷപ്രകടനമുണ്ടായത്. വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുകയായിരുന്നു.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ സംഭവസ്ഥലത്തെത്തിയിരുന്നു. എന്നാല്‍ എംഎല്‍എ മുകേഷ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് തീരദേശത്തെത്തിയത്. നാട്ടുകാര്‍ പുളിച്ച തെറി തന്നെ പ്രയോഗിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം.
സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജനൊപ്പം വെള്ളിയാഴ്ച വൈകിട്ട് വന്ന മുകേഷിന് മുന്നില്‍ ഇതുവരെ സ്ഥലത്തെത്താതിരുന്നതിന്റെ രോഷം മല്‍സ്യതൊഴിലാളികള്‍ പ്രകടമാക്കി. ഇതിനിടെ മല്‍സ്യതൊഴിലാളിയായ സ്ത്രീ എവിടെയായിരുന്നുവെന്നും ഇവിടെ എങ്ങും കണ്ടില്ലല്ലോയെന്നും ചോദിച്ചു. ‘നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ’യെന്ന് തമാശ രൂപേണ മുകേഷ് മറുപടി നല്‍കി. ഇതോടെ മല്‍സ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു മുകേഷിനെ തെറിവിളിക്കുകയായിരുന്നു.