നമ്മുടെ സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും, താലിബാൻ വിരുദ്ധ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകും: എം കെ മുനീറിന് വധഭീഷണി
കോഴിക്കോട്: താലിബാനെതിരെയായി ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട എംകെ മുനീർ എംഎൽഎയ്ക്ക് വധഭീഷണി. താലിബാനെതിരായ പോസ്റ്റായല്ല മുനീറിന്റെ പോസ്റ്റിനെ കാണുന്നതെന്നും മുസ്ലീം വിരുദ്ധമായ ഒന്നായിരുന്നു അതെന്ന് 24 മണിക്കൂറിനകം പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മുനീറിനെയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കുമെന്നും ഭീഷണിക്കത്തില്‍ പറയുന്നു.
കുറെ കാലമായി എംകെ മുനീർ മുസ്ലീം വിരുദ്ധതയും ആർഎസ്എസ് സ്നേഹവും കാണിക്കുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മറ്റൊരു ജോസഫ് മാഷാകാൻ ശ്രമിക്കരുതെന്നും കത്തിൽ പറയുന്നു.
ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. സംഭവതിൽ പോലീസിന് പരാതി നൽകുമെന്ന് എംകെ മുനീർ വ്യക്തമാക്കി. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. മുസ്ലീം ലീഗിന്റെ ഔദ്യോഗിക പ്രതികരണം വരുന്നതിന് മുന്നെ തന്നെ എംകെ മുനീർ താലിബാനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.