ന്യൂനപക്ഷ ക്ഷേമത്തിന് പരമാവധി ഫണ്ട് വിനിയോഗിച്ചു-മുഖ്യമന്ത്രി

Webdunia
ശനി, 19 ഡിസം‌ബര്‍ 2015 (14:52 IST)
ന്യൂനപക്ഷ സമുദായത്തിന്റെ ക്ഷേമത്തിന്‌വേണ്ടി കേന്ദ്രസര്‍ക്കര്‍ പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ച പരിപാടി ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയത് കേരളമാണെന്നും ഫണ്ട് വിനിയോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 
 
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വി.ജെ.ടി.ഹാളില്‍ സംഘടിപ്പിച്ച ലോക ന്യൂനപക്ഷ അവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷത്തിനും സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും തുല്യഅവസരം നല്‍കുന്ന മാതൃകപരമായ പ്രവര്‍ത്തനം കേരളം കാഴ്ചവച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും തുല്യനീതി ഉറപ്പാക്കുമെന്നും സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ന്യൂനപക്ഷ കമ്മീഷന്‍ വെബ് പേജ് പ്രകാശനം ചെയ്ത ഗ്രാമവികസന -വിവരപൊതുജന സമ്പര്‍ക്ക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി ന്യൂനപക്ഷ അവകാശദിന സന്ദേശം നല്‍കി.