വിവാദങ്ങള്‍ പതിവാക്കിയ ഐപിഎസ് ഉദ്യോഗസ്ഥ മെറിൻ ജോസഫിനെ ആഭ്യന്തര വകുപ്പ് തരംതാഴ്ത്തി. മെറിന് പക്വത കുറവാണെന്ന് കാട്ടിയാണ് പുതിയ നടപടി. മൂന്നാറിൽ ഡിവൈഎസ്പി റാങ്കിൽ ജോലി ചെയ്യാനാണ് മെറിനോട് ഡിജിപി ടിപി സെന്‍കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരത്ത് സമരത്തിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസുകാരനെ കൊണ്ട് കുട പിടിപ്പിച്ച സംഭവമാണ് മെറിൻ ജോസഫിന് വിനയായത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ആഭ്യന്തര വകുപ്പ് നടപടിയെടുക്കുകയായിരുന്നു. മൂന്നാറിലെ തോട്ടം തൊഴിലാളി സമരം കൈകാര്യം ചെയ്യുന്നതില്‍ പ്രശംസ പിടിച്ചുപറ്റിയ മൂന്നാർ ഡിവൈഎസ്പി കെബി പ്രഭുല്ലചന്ദ്രനെ മാറ്റിയാണ് മെറിനെ നിയമിക്കുന്നത്. പ്രഭുല്ലചന്ദ്രനെ മൂവാറ്റുപുഴ ഡിവൈ.എസ്പിയായി നിയമിക്കുകയും ചെയ്‌തു.
നേരത്തെ ഒരു ചടങ്ങില്‍ വെച്ച് നടൻ നിവിൻ പോളിക്കൊപ്പം നിന്ന് ഹൈബിഡന്‍ എംഎൽഎയെ കൊണ്ട് ഫോട്ടോ എടുപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. ചടങ്ങില്‍ വെച്ച് മെറില്‍ ചിത്രം ഫേസ്‌ബുക്കില്‍ ഇടുകയും ചെയ്‌തതോടെ സംഭവം വിവാദമായി തീരുകയുമായിരുന്നു. മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങില്‍ കാലിന് മുകളില്‍ കാല്‍ കയറ്റിവച്ച് ഇരുന്ന മെറിന്റെ നടപടിയും ഏറെ ചര്‍ച്ചയായിരുന്നു.