പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. ഹണി റോസ് തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ ആശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും താങ്കളുടെ തന്നെ മാനസിക നിലയിലുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയും പരാതികള്‍ പുറകെ ഉണ്ടാകുമെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറുപ്പില്‍ പറയുന്നു. താങ്കള്‍ താങ്കളുടെ പണത്തിന്റെ വിശ്വസിക്കൂ ഞാന്‍ ഭാരതത്തിലെ നിയമ വ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു -എന്ന് പറഞ്ഞുകൊണ്ടാണ് ഹണി റോസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിരീക്ഷണത്തിലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സൈബര്‍ ആക്രമണ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴിയെടുത്തിരുന്നു. സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നല്‍കിയത്. നടിയുടെ പരാതിയില്‍ 30 പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. മോശം കമന്റുകള്‍ വ്യാജ ഐഡിയില്‍ നിന്നാണ് വരുന്നതെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.
നടിയുടെ പോസ്റ്റിനു താഴെ മോശം കമന്റ് കണ്ടെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ നടിക്ക് പിന്തുണയുമായി അമ്മ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും താന്‍ ധരിച്ചിട്ടില്ലെന്നും തന്നെ കുറിച്ച് ക്രിയാത്മകമായിട്ടുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നും എന്നാല്‍ അശ്ലീല പരാമര്‍ശം ഉണ്ടെങ്കില്‍ നിയമമനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണ സാധ്യതകളും ഉപയോഗപ്പെടുത്തി രംഗത്ത് വരുമെന്നും ഹണി റോസ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.