സംസ്ഥാനത്ത് മഴ കനത്തതോടെ പലയിടത്തും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നു പുലര്‍ച്ച മുതല്‍ പെയ്ത് കനത്ത മഴയില്‍ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ളാറ്റ് ഫോമിലെ ട്രാക്ക് രണ്ട് കിലോമീറ്ററോളം ഭാഗം പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതോടെ ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും നിലച്ചു.
മഴ ആഞ്ഞടിച്ചതോടെ രാവിലെ ആറുമണിക്ക് സ്റ്റേഷനിലെത്തിയ കുർള- തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ് രണ്ടേമുക്കാൽ മണിക്കൂർ യാത്ര തുടരാനാകാതെ സ്‌റ്റേഷനില്‍ പിടിച്ചിടുകയായിരുന്നു. തുടര്‍ന്ന് വെള്ളം അല്പം ഇറങ്ങിയതിന് ശേഷം 8.45നാണ് ട്രെയിൻ യാത്ര തുടർന്നത്. അതേസമയം മംഗലാപുരം- കോഴിക്കോട് പാസഞ്ചറും വൈകി.
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. പ്രദേശത്തെ 200ഓളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
കണ്ണൂർ ജില്ലയിലും കനത്ത മഴ തുടരുകയാണ്. ആറളം ഫാമിൽ ഏഴ്, പതിമൂന്ന് ബ്ളോക്കുകളിലേക്കുള്ള നടപ്പാലം ഒഴുകി ഇവിടങ്ങളിലെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. ചപ്പാരപ്പടവ് ടൗൺ വെള്ളത്തിനടിയിലായി. കൊട്ടിയൂർ- മാനന്തവാടി റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞുവീണാണ് ഗതാഗതം തടസപ്പെട്ടത്. ചുങ്കക്കുന്നിൽ വാവലിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 15 ഓളം വീടുകളിൽ വെള്ളം കയറി.