മരട് വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. പടക്ക നിർമ്മാണ തൊഴിലാളിയും മരട് സ്വദേശിയുമായ ജലജയാണ് മരിച്ചത്. 64 വയസ്സ് ആയിരുന്നു. തിങ്കളാഴ്ച രാവിലെ ആയിരുന്നു അന്ത്യം.
മരടിലെ പടക്ക നിര്‍മ്മാണശാലയ്‌ക്ക് തീ പിടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ 60 ശതമാനം പൊള്ളലേറ്റ ജലജ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
പടക്ക നിർമ്മാണ തൊഴിലാളി തെരുവിൽപാടത്ത് രാജന്‍റെ ഭാര്യ നളിനി അപകടദിവസം തന്നെ മരിച്ചിരുന്നു. ജനുവരി 22നായിരുന്നു മരടിൽ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീ പിടിച്ചത്. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്‍റെ വെടിക്കെട്ടിന് വേണ്ടി പടക്കങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ആയിരുന്നു അപകടം.