രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം നേതാക്കള്‍ അക്രമിക്കപ്പെടാത്തത്: മാമുക്കോയ

Webdunia
വ്യാഴം, 1 മാര്‍ച്ച് 2018 (11:28 IST)
സംസ്ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടൻ മാമുക്കോയ രംഗത്ത്. രാഷ്ട്രീയ കൊലപാതകങ്ങൾ പെരുകാൻ കാരണം നല്ല നേതാക്കന്മാരുടെ കുറവാണ്. നേതാക്കള്‍ അക്രമിക്കപ്പെടാത്തതാണ് രാഷ്‌ട്രീയ കൊലയ്‌ക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരസ്‌പരം വെട്ടി മരിക്കാനുള്ളവരല്ല നമ്മള്‍. സ്നേഹത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ഒന്നിച്ച് ജീവിക്കേണ്ടവരാണ് നമ്മള്‍.  ഇവിടെ കൊല്ലപ്പെടുന്നത് വളരെ പാവപ്പെട്ട ചെറുപ്പക്കാരാണ്. കൊല്ലുമ്പോൾ നാൽപ്പതും അമ്പതും വെട്ടു വെട്ടാതെ രണ്ടോ മൂന്നോ വെട്ടിൽ തീർക്കണമെന്നും പരിഹാസത്തോടെ മാമുക്കോയ അഭിപ്രായപ്പെട്ടു.

രണ്ട് അടികൊടുത്താലും പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ കൊലപാതകത്തെ അംഗീകരിക്കാന്‍ കഴിയില്ല. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള ഭീകര സമരമുറകള്‍ എല്ലാ പാര്‍ട്ടികളും ഒഴിവാക്കണമെന്നും മാമുക്കോയ പറഞ്ഞു.

ആക്രമ രാഷ്ട്രീയത്തിനെതിരെ കെപിസിസി സംസ്കാര സാഹിതി നടത്തിയ സാംസ്കാരിക പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ മാമുക്കോയ നയം വ്യക്തമാക്കി രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article