സാമ്പത്തിക തട്ടിപ്പ് കേസില്‍ മലയാളി നടി ലീന മരിയ പോളിനെയും ലിവ് ഇന്‍ പങ്കാളി ബാലാജി ശേഖര്‍ ചന്ദ്രശേഖറിനെയും അറസ്റ്റ് ചെയ്തു. മുംബൈ എക്കണോമിക് ഒഫെന്‍സ് വിംഗാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഇരുവരെയും ജൂണ്‍ 4 വരെ കസ്റ്റഡിയില്‍ വിട്ടു. കുറഞ്ഞ സമയം കൊണ്ടു നിക്ഷേപം പത്തിരട്ടിയായി തിരിച്ചുതരുമെന്നു വാഗ്ദാനം നല്‍കി നിരവധി പേരെ കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
ഇരുവര്‍ക്കുമെതിരെ മുംബൈ ക്രൈംബ്രാഞ്ചില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടികള്‍ ഇരുവരും ഇത്തരത്തില്‍ കൈവശപ്പെടുത്തിയതായാണ് മുംബൈ പൊലീസിന്റെ നിഗമനം. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടി ലീന മരിയ പോളിനെ നേരത്തെ വഞ്ചനക്കേസില്‍ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2013-ല്‍ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞു തട്ടിപ്പ് നടത്തിയതിനു ലീനാ പോളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നും ബാലാജി ചന്ദ്രശേഖറായിരുന്നു ലീനയുടെ കൂട്ടാളി. ബാലാജിയെ ഐഎഎസ് ഓഫീസറായി കാട്ടി വിവിധ ബാങ്കുകളില്‍ നിന്നു പണം തട്ടുന്നതിനിടയിലായിരുന്നു അറസ്റ്റ്. ചെന്നൈ കാനറ ബാങ്കില്‍നിന്നു 19 കോടി രൂപയാണ് ഇരുവരും തട്ടിയെടുത്തത്. ഡല്‍ഹിയിലെ ആഡംബര ഫാം ഹൗസില്‍നിന്നായിരുന്നു അന്ന് അറസ്റ്റ്.
ചങ്ങനാശേരി സ്വദേശിയായ ലീനയുടെ കുടുംബം വര്‍ഷങ്ങളായി ദുബായിലാണ്. അവിടെയാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു ബിഡിഎസിനു പഠിക്കാനാണ് ഇന്ത്യയിലെത്തിയത്.