കൊച്ചിയില്‍ പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിൽ കുടുക്കിയതാണെന്നും സംഭവത്തിൽ നിരപരാധിയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണം. തനിക്ക് നീതി ലഭ്യമാക്കണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
സംഭവത്തില്‍ കൂട്ടുപ്രതികളായ വിജീഷ്, മണികണ്ഠൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികളെയും പൊലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അഡ്വ ഇസി പൗലോസ് മുഖേനയാണ് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചത്. പ്രതികൾ നേരിട്ടെത്തിയാണ് ജാമ്യാപേക്ഷ നൽകിയതെന്നു പൗലോസ് പറഞ്ഞു.
തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നെടുമ്പാശ്ശേരി അത്താണിയില്‍വച്ച്
നടി സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പീഡനശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
സംഭവത്തിൽ ഇതുവരെ മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്‌തു വരുകയാണ്. ഒളിവിൽ കഴിയുന്നു പൾസർ സുനി മണികണ്ഡൻ വിജീഷ് എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നൊട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.