മലപ്പുറം ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബിജെപി നേതൃത്വത്തിന് രൂക്ഷ വിമര്‍ശം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനടക്കമുള്ളവരെ യോഗത്തില്‍ നിര്‍ത്തിപ്പൊരിച്ചു. തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിനെതിരെ ചില അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.
രൂക്ഷമായ ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് കോർകമ്മിറ്റി യോഗത്തിലുണ്ടായത്. എതിർപ്പുകളെ അവഗണിച്ച് സ്ഥാനാർഥിയെ നിർണയിച്ചതില്‍ പാർട്ടിക്കു വീഴ്ച സംഭവിച്ചു. മലപ്പുറത്തെ സ്ഥിതിഗതികൾ പഠിക്കുന്നതിലും വിലയിരുത്തുന്നതിലും പാർട്ടി പരാജയപ്പെട്ടുവെന്നും കോര്‍ കമ്മിറ്റി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും പരാജയമുണ്ടായി. ഓരോ മണ്ഡലത്തിലും ചുമതലക്കാരെ നിയമിക്കാനായില്ല. രണ്ട് ലക്ഷം വോട്ടുകിട്ടുമെന്ന കണക്കുകൂട്ടല്‍ പാളി. മലപ്പുറത്തെ സാഹചര്യം പഠിക്കാതെയാണ് ഈ കണക്കുകൂട്ടല്‍ നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപൽ അഭിപ്രായപ്പെട്ടപ്പോള്‍ കുമ്മനം രാജശേഖരന്റെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനമുയര്‍ന്നത്.
യുപി തെരഞ്ഞെടുപ്പിലെ വിജയത്തോടെ പാർട്ടിക്ക് ഉണ്ടായ ഉണർവും പ്രതിഛായയും മലപ്പുറത്തെ തോല്‍വിയോടെ നഷ്ടമായി. പല പ്രദേശങ്ങളിലെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പിഴവ് സംഭവിച്ചു. ബിജെപിയുടെ പ്രകടനം മോശമായി പോയന്നതില്‍ സംശയമില്ലെന്നും യോഗത്തില്‍ കോർകമ്മിറ്റി വ്യക്തമാക്കി.