വിവാദപ്രസ്താവനയുമായി എം എം മണി: നൂറ്റാണ്ടുകൂടുമ്പോള്‍ പ്രളയം വരും, കുറേപേര്‍ മരിക്കും, കുറേപേര്‍ ജീവിക്കും!

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (20:14 IST)
വിവാദപ്രസ്താവനയുമായി മന്ത്രി എം എം മണി വീണ്ടും. ഇത്തവണ പ്രളയത്തെക്കുറിച്ചാണ് മണിയുടെ നാവ് വേണ്ടാത്തത് പറഞ്ഞത്. “നൂറ്റാണ്ട് കൂടുമ്പോള്‍ പ്രളയം വരും, കുറേപ്പേര്‍ മരിക്കും, കുറേപ്പേര്‍ ജീവിക്കും... എന്നാല്‍ ജീവിതയാത്ര തുടരും” എന്നാണ് മണി പറയുന്നത്.
 
“പ്രതിപക്ഷത്തിന്‍റെ വാക്കുകേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ല” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരിതത്തിന്‍റെ ഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കേണ്ട മന്ത്രിതന്നെ പ്രളയദുരിതത്തെ ലഘുവായി കണ്ടുള്ള പ്രസ്താവനയാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
 
“ഞങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടാണോ മഴ വന്നത്? നാനൂറോളം പേര്‍ മരിച്ചു. ഒരുപാടുപേര്‍ക്ക് പരുക്കേറ്റു. പതിനായിരക്കണക്കിന് വീടുകള്‍ നഷ്ടപ്പെട്ടു. കന്നുകാലികള്‍ ചത്തു. ഇതൊക്കെ പ്രകൃതിസൃഷ്ടിയാണ്” - പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എം എം മണി വ്യക്തമാക്കി. 
 
പ്രളയത്തില്‍ ദാരുണമായി കൊല്ലപ്പെട്ട നൂറുകണക്കിന് പേരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്ന് പിന്നീട് ആരോപണമുയര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. ‘കുറേപ്പേര്‍ മരിക്കും’ എന്ന ഒറ്റ വരിയില്‍ ആ മരണങ്ങളെ മന്ത്രി എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് വ്യക്തമാണ്.
 
ഇതിനുമുമ്പും പലതവണ വിവാദപ്രസ്താവനകളിലൂടെ എം എം മണി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അതിശക്തമായ ജനരോഷത്തെ നേരിടേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ വീണ്ടും വീണ്ടും അത്തരം പ്രസ്താവനകള്‍ തുടരുക എന്ന നയമാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article