സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പു കമ്മീഷനാണ് തിയതി പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ നവംബര്‍ ഏഴിന് നടക്കും.
രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കോഴിക്കോട് , കണ്ണൂര്‍, കാസര്‍കോഡ് എന്നീ ഏഴു ജില്ലകളിലും നവംബര്‍ അഞ്ചിന് കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലും വോട്ടെടുപ്പ് നടക്കും.
നവംബര്‍ ഏഴിനാണ് വോട്ടെണ്ണല്‍. ഇത്തവണ ബാലറ്റ് പേപ്പറില്‍ നിഷേധ വോട്ടും സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ഉണ്ടായിരിക്കില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഈ മാസം ഏഴിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
ഈ മാസം 14 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാവുന്നതാണ്. പത്രികകളുടെ സൂക്ഷ്‌മപരിശോധന 15ന് നടക്കും. പത്രിക പിന്‍വലിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 17 ആണ്. പ്രവാസികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം. തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്തുന്നതിന് മുന്നോടിയായി തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ സേനയെ കൊണ്ടു വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.